Sunday, April 8, 2012

ട്രിപ്പിള്‍ സിം ഫോണുമായി എല്‍ജിയും; എ 290 ഉടന്‍ വിപണിയില്‍

ട്രിപ്പിള്‍ സിം ഫോണുമായി എല്‍ജിയും; എ 290 ഉടന്‍ വിപണിയില്‍

ഇന്റക്‌സ്‌, സെന്‍ മൊബൈല്‍, മൈക്രോമാക്‌സ്‌ എന്നിവയ്‌ക്ക്‌ പിന്നാലെ എല്‍ജിയും ട്രിപ്പിള്‍ സിം ഫോണ്‍ പുറത്തിറക്കുന്നു. ഒന്നിലധികം സിം ഉപയോഗിക്കാവുന്ന ഫോണുകള്‍ക്ക്‌ ലഭിക്കുന്ന ജനപ്രീതിയാണ്‌ ഇത്തരമൊരു മോഡല്‍ പുറത്തിറക്കാന്‍ എല്‍ജിയെ പ്രേരിപ്പിച്ചത്‌. എ 290 എന്ന്‌ പേരിട്ടിരിക്കുന്ന ട്രിപ്പിള്‍ സിം ഫോണ്‍ അധികം വൈകാതെ ആഗോളവിപണിയിലും ഇന്ത്യയിലും എല്‍ജി അവതരിപ്പിക്കും. 2.2 ഇഞ്ച്‌ ഡിസ്‌പ്‌ളേ, 1.3 മെഗാപിക്‌സല്‍ ക്യാമറ തുടങ്ങിയ അടിസ്ഥാനസവിശേഷതകളോടുകൂടിയ എല്‍ജി എ 290ന്‌ 4,950 രൂപയായിരിക്കും ഇന്ത്യന്‍ വിപണിയിലെ വില.

എന്നാല്‍ ഈ ഫോണിനെക്കുറിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ എല്‍ജി വക്‌താവ്‌ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്‌. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഫോണായിരിക്കും ഇതെന്നാണ്‌ എല്‍ജി കമ്പനിവൃത്തങ്ങള്‍ നല്‍കിയ സൂചന. ഒക്‌ടോബര്‍ - ഡിസംബര്‍ സാമ്പത്തിക പാദത്തില്‍ 20.5 മില്യണ്‍ ഡോളര്‍ ലാഭം കൈവരിക്കാന്‍ എല്‍ജി ഇലക്‌ട്രോണിക്‌സിന്‌ സാധിച്ചിട്ടുണ്ട്‌. മുഖ്യമായും ടിവി നിര്‍മ്മാതാക്കളെന്ന നിലയില്‍ അറിയപ്പെടുന്ന എല്‍ജി ഇലക്‌ട്രോണിക്‌സ്‌ തുടര്‍ച്ചയായി ആറുപാദങ്ങളിലും നഷ്‌ടത്തിലായിരുന്നു. എന്നാല്‍ ഒപ്‌റ്റിമസ്‌ ശ്രേണിയില്‍പ്പെട്ട സ്‌മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയതോടെയാണ്‌ സാമ്പത്തികലാഭം കൈവരിക്കാന്‍ കമ്പനിക്ക്‌ സാധിച്ചത്‌. സ്‌മാര്‍ട്ട്‌ഫോണ്‍ രംഗത്തെ സാധ്യകള്‍ പരമാവധി പ്രയോജപ്പെടുത്തുകയാണ്‌ കമ്പനിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ്‌ ട്രിപ്പിള്‍ സിം വിഭാഗത്തിലുള്‍പ്പടെ പുതിയ പരീക്ഷണങ്ങള്‍ക്ക്‌ എല്‍ ജി തയ്യാറെടുക്കുന്നത്‌.

No comments:

Post a Comment