Friday, January 6, 2012

മൊബൈല്‍ കമ്പനികളുടെ പകല്‍ക്കൊള്ള

മൊബൈല്‍ കമ്പനികളുടെ പകല്‍ക്കൊള്ള
 
വോഡഫോണ്‍ കമ്പനിയുടെ ബില്ലിങ്ങില്‍ വന്ന ചില അബദ്ധങ്ങള്‍ പല കുറി ശ്രദ്ധയില്‍ പെടുത്തിയിട്ടും തിരുത്തി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഞാന്‍ കഴിഞ്ഞയാഴ്ച ഐഡിയ പ്രീപെയ്ഡ് കണക്ഷനിലേക്ക് പോര്‍ട്ട് ചെയ്തത്.
നമ്പര്‍ മാറാതെ തന്നെ കണക്ഷന്‍ മാറ്റാവുന്ന സംവിധാനം പരീക്ഷിക്കാമെന്ന് ഞാനും വിചാരിച്ചു.
പോര്‍ട്ട് ചെയ്യാനുള്ള എന്റെ തീരുമാനമറിയിച്ചപ്പോള്‍ ഐഡിയ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് വാചാലനായി.
പോര്‍ട്ട് ചെയ്തുവന്നാല്‍ ഐഡിയ നെറ്റവര്‍ക്കിലേക്ക് മൂന്ന് സെക്കന്‍ഡിന് ഒരു പൈസ നിരക്കിലും മറ്റ് നമ്പറുകളിലേക്ക് രണ്ടു സെക്കന്‍ഡിന് ഒരു പൈസ നിരക്കിലും വിളിക്കാമെന്നും പറഞ്ഞു.
മറ്റൊന്നും ആലോചിച്ചില്ല.
കണക്ഷന്‍ മാറ്റിയ സന്തോഷത്തില്‍ ഉടന്‍ 300 രൂപയ്ക്ക് റീ ചാര്‍ജ് ചെയ്തു.
വിളിച്ചു നോക്കുമ്പോള്‍ ഒരു സെക്കന്‍ഡിന് 1.2 പൈസ.
കസ്റ്റമര്‍ കെയറില്‍ വിളിച്ചു.
അബദ്ധം മനസ്സിലായി.
ഈ ആനുകൂല്യം കിട്ടണമെങ്കില്‍ ആദ്യം അഞ്ചു രൂപയ്ക്ക് റീചാര്‍ജ് ചെയ്യണമായിരുന്നു.
300-ന് ചെയ്തതുകൊണ്ട് ആ ആനുകൂല്യം ലഭിക്കില്ല.
അപ്പോള്‍ ആ ആനുകൂല്യം തരാതിരിക്കാനാണ് കമ്പനിക്കിഷ്ടം എന്നെനിക്ക് മനസ്സിലായി.
അല്ലെങ്കില്‍ അത്തരം ഒരു നിബന്ധന വയ്ക്കാതെ പുതിയ വരിക്കാര്‍ക്കെല്ലാം കുറഞ്ഞ കോള്‍ നിരക്കെന്ന് പറഞ്ഞാല്‍ മതിയായിരുന്നല്ലൊ.
ഇനി തിരുത്താനും സംവിധാനമില്ലത്രെ.
കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവുമായുള്ള സംസാരം അവസാനിപ്പിച്ചപ്പോഴേയ്ക്കും ഒരു മെസേജ് വന്നു.
അവസാന കോള്‍ ചാര്‍ജ് 14 രൂപ.
കസ്റ്റമര്‍ കെയറില്‍ സംസാരിക്കാനും കാശ് കൊടുക്കണോ?
സംശയം തീര്‍ക്കാന്‍ ഒന്നു കൂടി വിളിച്ചു.
ആരേയും കിട്ടിയില്ല.
കമ്പൂട്ടറിനോട് കുറച്ച് സമയം സംസാരിക്കേണ്ടി വന്നു.
കോള്‍ നിര്‍ത്തിയപ്പോള്‍ വീണ്ടും വന്നു അടുത്ത മെസേജ്. 16 രൂപ.
പരീക്ഷിക്കാന്‍ ഒന്നു കൂടി വിളിച്ചു.
അതിനും വന്നു എട്ടു രൂപ ചാര്‍ജ്.
അരമണിക്കൂര്‍ കഴിഞ്ഞ വീണ്ടും ബന്ധപ്പെട്ടപ്പോള്‍ ഒരാളെ കിട്ടി.
ഹാവൂ സമാധാനമായി!
പരാതി ബോധിപ്പിച്ചപ്പോള്‍ മൂന്നു മണിക്കൂര്‍ കഴിഞ്ഞു മാത്രമേ ഞാന്‍ വിളിച്ച വിവരങ്ങള്‍ അവരുടെ കൈയില്‍ എത്തുകയുള്ളു, എന്ന് മറുപടി.
നേരം ഇരുട്ടി.
ഇനി നാളെയാവാം.
പിറ്റേ ദിവസം രാവിലെ തന്നെ എഴുന്നേറ്റ് കമ്പനിയെ വിളിച്ചു.
കഴിഞ്ഞദിവസം സംഭവിച്ചതിനെ കുറിച്ച് പറഞ്ഞു.
അവരുടെ ഭാഗത്ത് ഒരു കുഴപ്പവുമില്ലത്രെ.
ഞാന്‍ വിളിച്ചതിനു മാത്രമേ കുറവ് ചെയ്തിട്ടുള്ളുവെന്നും കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവുമായി അധിക സമയം ‘സൊള്ളി’യാല്‍ കാശ് പോവുമെന്നും മറുപടി.
ഞാന്‍ കമ്പ്യൂട്ടറിനോട് സംസാരിച്ചതിനും കാശ് പോയ കാര്യം വീണ്ടും ഓര്‍മ്മിപ്പിച്ചു.
കുറച്ച് സമയത്തിനുശേഷം തെറ്റ് സമ്മതിച്ചു.
ചെറിയ പിശക് സംഭവിച്ചിട്ടുണ്ട്.
24 മണിക്കൂറിനകം പരിഹരിച്ചു തരാം.(അങ്ങോട്ട് വിളിക്കാന്‍ നിമിഷങ്ങള്‍ മതി. ഇങ്ങോട്ടാണെങ്കില്‍ 24 മണിക്കൂര്‍).
കുറ്റം പറയരുതല്ലൊ. 24 മണിക്കൂറിനകം നഷ്ടപ്പെട്ട തുക തിരിച്ചു അക്കൗണ്ടില്‍ വന്നു.
കോള്‍ ചാര്‍ജ് വളരെ കൂടുതലായതിനാല്‍ കുറഞ്ഞ ചാര്‍ജില്‍ വിളിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്നന്വേഷിച്ചു വീണ്ടും ഒരു കസ്റ്റമര്‍ കെയര്‍ സെന്ററില്‍ പോയി.
ഒരു സംവിധാനമുണ്ട്.
‘മൈ ഗാങ്’ എന്ന പദ്ധതി.
28 രൂപയ്ക്ക് റീചാര്‍ജ് ചെയ്ത് അംഗത്വമെടുക്കാം.
ഈ ഗാങ്ങില്‍ അംഗത്വമെടുത്ത ആളുകളോട് സംസാരിക്കാന്‍ മിനിറ്റിന് 20 പൈസ മതി.
ഹാവൂ! എനിക്ക് കൂടുതല്‍ കോള്‍ വരുന്ന നമ്പറുകാരെയെല്ലാം 28 രൂപ നല്‍കി ഇതില്‍ അംഗങ്ങളാക്കി.
സമാധാനത്തോടെ ആദ്യ വിളി.
40 സെക്കന്‍ഡ് സംസാരിച്ചു.
കോള്‍ ചാര്‍ജ് ഒരു രൂപ.
കസ്റ്റമര്‍ കെയറില്‍ വിളിച്ചു.
പരാതി പറഞ്ഞപ്പോള്‍ മറുപടി വന്നു.
ഈ സ്‌കീമില്‍ ചേര്‍ന്ന് ആദ്യമായി വിളിക്കുമ്പോള്‍ ഒരു രൂപയാവും.
പിന്നത്തെ വിളി മുതല്‍ കുറഞ്ഞ നിരക്കേ വരൂ.
എന്തു ചെയ്യും? ഓരോരോ നിയമങ്ങളേ!
(ഓരോ ദിവസത്തേയും ആദ്യത്തെ കോളിന് കൂടിയ ചാര്‍ജെന്ന് പിന്നീട് തിരുത്തി.)
തുടര്‍ന്നുള്ള ഓരോ വിളികളുടെ ദൈര്‍ഘ്യവും ഈടാക്കിയ ചാര്‍ജും പരിശോധിച്ചു.
പലപ്പോഴും നിശ്ചിത തുകയേക്കാള്‍ കൂടുതല്‍ ഈടാക്കുന്നു.
കസ്റ്റമര്‍ കെയറില്‍ വിളിക്കുന്നു….ചെറിയ പിശക് സംഭവിച്ചിട്ടുണ്ടെന്ന് പറയുന്നു…
ഓരോ തവണ വിളിക്കുമ്പോഴും വിളിയുടെ ദൈര്‍ഘ്യവും, ഈടാക്കിയ ചാര്‍ജും പരിശോധിക്കേണ്ട അവസ്ഥ!
വിളിച്ച സമയത്തിന്റെ ദൈര്‍ഘ്യവും മൊബൈല്‍ സേവനദാതാക്കളുടെ സ്വഭാവവും അവര്‍ അയക്കുന്ന മെസേജും ഒന്നും ശ്രദ്ധിക്കാത്തവരും മനസ്സിലാക്കാത്തവരുമായ എത്രയോ പാവങ്ങള്‍ ഇന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു.
കോടിക്കണക്കിന് രൂപ ഈ വിധത്തില്‍ കമ്പനികള്‍ വിഴുങ്ങിക്കാണുമെന്ന ഉറപ്പ്!
ആരുണ്ട് പ്രതികരിക്കുന്നു?
പരാതിപ്പെടുന്നവര്‍ക്ക് പരിഹാരം ലഭിക്കുന്നു. അല്ലാത്തവര്‍ക്കോ?
(കെ.എം. നൗഫല്‍, അസി.പ്രഫസര്‍ ഓഫ് കോമേഴ്‌സ്, ഗവ.കോളേജ് കോടഞ്ചേരി, കോഴിക്കോട്)
http://www.alakkucompanycom/

1 comment:

  1. when ever you contact customer care call 198 for all providers it is the complaint no. and it must be toll free (trai)

    ReplyDelete