Wednesday, May 9, 2012

നിങ്ങളുടെ ഫോണ്‍ സുരക്ഷിതമാക്കാന്‍

    നിങ്ങളുടെ ഫോണ്‍ സുരക്ഷിതമാക്കാന്‍


ജിഎസ്എം നെറ്റ്‌വര്‍ക്കുകളിലെ ഫോണുകള്‍ ഏത് സമയവും ഹാക്കിംഗിന് വിധേയമാകാം. ഇന്ത്യയിലെ ജിഎസ്എം നെറ്റ്‌വര്‍ക്ക് സുരക്ഷിതമല്ലെന്ന് ഒരു സെക്യൂരിറ്റി കമ്പനിയാണ് വ്യക്തമാക്കിയത്. ജിഎസ്എം മൊബൈലുകളെ ഹാക്ക്  ചെയ്യാനാകുമെന്നും മാട്രിക്‌സ് ഷെല്‍ എന്ന കമ്പനിയുടെ സ്ഥാപകര്‍ വ്യക്തമാക്കി.
ഫോണ്‍ ഹാക്ക് ചെയ്ത് അതിലെ ഇന്റര്‍നാഷണല്‍ മൊബൈല്‍ സബ്‌സ്‌ക്രൈബര്‍ ഐഡന്റിറ്റി ഉപയോഗിക്കാനാകുമെന്നും ഇവര്‍ പറയുന്നു. ജിഎസ്എം സിം കാര്‍ഡുകളില്‍ ഉപയോഗിക്കുന്ന പ്രത്യേകം നമ്പറുകളാണ് ഐഎംഎസ്‌ഐ. ഫോണ്‍ ചെയ്യാനും ഫോണ്‍ കോളുകളില്‍ തടസ്സം സൃഷ്ടിക്കാനും പോസ്റ്റ്‌പെയ്ഡ് ഫോണ്‍ ബില്ലുകള്‍ കൂട്ടാനും പ്രീ പെയ്ഡ് വരിക്കാരുടെ ഫോണ്‍ ബാലന്‍സ് തീര്‍ക്കാനും  ഇതിലൂടെ ഹാക്കര്‍മാര്‍ക്ക് സാധിക്കും
മൊബൈല്‍ വരിക്കാരുടെ സുരക്ഷ സേവനദാതാക്കള്‍ കാര്യമായി ശ്രദ്ധിക്കില്ലെന്ന വസ്തുതയാണ് ഇതിലൂടെ മാട്രിക്‌സ് വെളിപ്പെടുത്തുന്നത്. ജിഎസ്എം നെറ്റ്വര്‍ക്കിന്റെ സ്റ്റാന്‍ഡേര്‍ഡ് എന്‍ക്രിപ്ഷന്‍ 5/1 ആയിരിക്കണം, എന്നാല്‍ ഇന്ത്യന്‍ കമ്പനികള്‍ 5/0 എന്ന കണക്കിലാണ് എന്‍ക്രിപ്ഷന്‍ നല്‍കുന്നതെന്നും ഈ കമ്പനി വ്യക്തമാക്കി. അതിനര്‍ത്ഥം എന്‍ക്രിപ്ഷന്‍ ഏറ്റവും താഴ്ന്ന നിലയിലാണെന്നാണ്.
മൊബൈല്‍ സേവനദാതാക്കള്‍ ശക്തമായ എന്‍ക്രിപ്ഷന്‍ ഏര്‍പ്പെടുത്താത്തതിന് കാരണം എന്‍ക്രിപ്ഷന്‍ ശക്തമായാല്‍  മൊബൈല്‍ഫോണും ബേസ് ട്രാന്‍സീവര്‍ സ്‌റ്റേഷനും തമ്മില്‍ കണക്റ്റാകാന്‍ കൂടുതല്‍ സമയം എടുക്കും. മൊബൈലും നെറ്റ്‌വര്‍ക്കും തമ്മില്‍ ബന്ധപ്പെടുന്നതിന് സഹായിക്കുന്ന ഒരു യൂണിറ്റാണ്  ബിടിഎസ്.
സാധാരണ നിലയില്‍ ഇന്ത്യയില്‍ ജിഎസ്എം നെറ്റ്‌വര്‍ക്കില്‍ ട്രാഫിക് കൂടുതലാണ്. ഭൂരിഭാഗം ഉപയോക്താക്കളും ജിഎസ്എം സേവനം ഉപയോഗിക്കുന്നതാണിതിന് കാരണം. ഈ ട്രാഫിക്ക് പ്രശ്‌നവും ഒപ്പം ശക്തമായ എന്‍ക്രിപ്ഷനും വന്നാല്‍ മൊബൈലില്‍ നിന്ന് കോളുകള്‍ പോകാനും ലഭിക്കാനും കൂടുതല്‍ സമയം എടുക്കും. താഴ്ന്ന എന്‍ക്രിപ്ഷന്‍ ഉപയോഗിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ ഇതാണ്.

വലുപ്പത്തില്‍ കുഞ്ഞനാണെങ്കിലും ധാരാളം ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്നവയാണ് മൊബൈല്‍ അഥവാ സെല്‍ ഫോണുകള്‍. ഇപ്പോള്‍ മൊബൈല്‍ ഫോണുകള്‍ കോള്‍ വിളിക്കാനും മെസേജ് അയക്കാനും അല്പം ഗെയിം ആസ്വദിക്കാനും മാത്രമല്ല പകരം ഇമെയില്‍ ആക്‌സസിംഗ്, ബാങ്കിംഗ്, ഷോപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ക്കും ഭൂരിഭാഗം പേരും മൊബൈലിനെ ആശ്രയിക്കുന്നുണ്ട്.
ഉപഭോക്താക്കള്‍ക്ക് അവരുടെ സമയം ലാഭിക്കാന്‍ സഹായിക്കുന്ന സൗകര്യങ്ങളാണ് ഇവയെല്ലാം. എല്ലാം നല്ലതു തന്നെ. ഇങ്ങനെ നാള്‍ക്കുനാള്‍ സ്മാര്‍ടായി മാറുന്ന ഫോണിന്റെ സുരക്ഷയെക്കുറിച്ച് നമ്മളില്‍ എത്രപേര്‍ ഓര്‍ക്കാറുണ്ട്. ഓര്‍ത്താല്‍ തന്നെ വേണ്ട നടപടികള്‍ സ്വീകരിക്കുന്നവര്‍ എത്രപേരുണ്ട്?
മൊബൈല്‍ ഫോണ്‍ കളഞ്ഞു പോകുമ്പോള്‍ മാത്രമല്ല, അത് ഉടമസ്ഥന്റെ കയ്യില്‍ ഇരിക്കുമ്പോള്‍ പോലും സുരക്ഷിതമല്ലെന്ന് ഓര്‍ക്കുക. ഹാക്കിംഗ് പോലുള്ള വിദൂരപ്രവര്‍ത്തനങ്ങളിലൂടെ ഫോണിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും. അതിനാല്‍ ഫോണിന് ആവശ്യമായ സുരക്ഷ ഉറുപ്പുവരുത്തുകയാണ് ഏക മാര്‍ഗ്ഗം.

  • ഫോണ്‍ ഉപയോഗിക്കാത്ത സമയങ്ങളില്‍ ബാറ്ററി ഊരിവെക്കുന്നത് അപരിചിതര്‍ നിങ്ങളുടെ ഫോണുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് തടയും.

  • മറ്റെതെങ്കിലും ഫോണുകളില്‍ നിന്ന് നിങ്ങളുടെ ഫോണിലേക്ക് ഫയലുകള്‍ വരാതിരിക്കാന്‍ ബ്ലൂടൂത്ത് കണക്ഷന്‍ ടേണ്‍ ഓഫ് ചെയ്തുവെക്കുക. അത്യാവശ്യസമയങ്ങളില്‍ മാത്രം ഇത് ഓണ്‍ ചെയ്യുക, ആവശ്യം കഴിഞ്ഞ ഉടന്‍ ഓഫ് ചെയ്യുക.

  • വിശ്വസനീയമായ ഫോണ്‍ ടാപ് ഡിറ്റക്റ്ററുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഡിറ്റക്റ്റര്‍ ബോക്‌സുമായി ഒരു കേബിള്‍ വഴി ഫോണിനെ ബന്ധിപ്പിച്ച് ഫോണ്‍ സുരക്ഷിതമാണോ എന്ന് പരിശോധിക്കാനാകും.

  • ഇതിലെ ഇന്‍ഡികേറ്ററില്‍ ചുവപ്പു നിറം കാണുകയാണെങ്കില്‍ നിങ്ങളുടെ ഫോണ്‍ സുരക്ഷിതമല്ലെന്ന് സാരം.

  • ഇത്തരം ഡിറ്റക്റ്ററുകളുടെ പേരിലും തട്ടിപ്പ് നടക്കുന്നതിനാല്‍ ഉത്പന്നത്തിന്റെ വിശ്വസനീയത നോക്കി വേണം തെരഞ്ഞെടുക്കാന്‍.

  • ഫോണുകള്‍ക്ക് എപ്പോഴും പാസ്‌വേര്‍ഡ് സുരക്ഷ നല്‍കണം. ഫോണിലെ ഡീഫോള്‍ട്ട് പാസ്‌വേര്‍ഡ് മാറ്റി പുതിയ പാസ്‌വേര്‍ഡ് വേണം ഉപയോഗിക്കാന്‍. മാത്രമല്ല അവ ഇടക്കിടെ പുതുക്കുകയും വേണം.

  • ആന്റി വൈറസ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുക. ഫോണുകള്‍ മോഷണം പോകുമ്പോള്‍ അവ കണ്ടെത്താന്‍ ആന്റി തെഫ്റ്റ് സോഫ്റ്റ്‌വെയറുകളും ഇപ്പോള്‍ ലഭ്യമാണ്.

  • ആന്റി തെഫ്റ്റ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് മോഷണം പോയ ഫോണിലേക്ക് എസ്എംഎസ് അയച്ച് വിദൂരത്തിലിരുന്ന് അത് ലോക്ക് ചെയ്ത് വെക്കാം.

  • ഫോണ്‍ ഫോര്‍മാറ്റ് ചെയ്യാനും ഒരു എസ്എംഎസ് അയച്ച് ആന്റി തെഫ്റ്റ് സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ചെയ്യാന്‍ സാധിക്കും.

  • ഇനി നിങ്ങളുടെ സിം ഉപേക്ഷിച്ച് പുതിയ സിം മറ്റാരെങ്കിലും ആ ഫോണില്‍ ഇട്ടാലും അതിന്റെ ലൊക്കേഷന്‍ കണ്ടെത്താന്‍ ഈ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ കഴിയും.

മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും പാലിച്ചില്ലെങ്കിലും ചിലതെല്ലാം ഫോണിന് വേണ്ടി ചെയ്യുക. ഓര്‍ക്കുക, ഫോണ്‍ സുരക്ഷിതമല്ലെങ്കില്‍ നിങ്ങളും സുരക്ഷിതരല്ല!

1 comment: